16 March 2011

മരണപര്‍വ്വം


ഈ കലണ്ടറിലെ
ഏതോ ഒരു കള്ളി
എന്റെ ശവപ്പെട്ടിയാണ്
തുറന്നുകാണിക്കുമ്പോള്‍ അശ്ലീലമായിപ്പോകുന്ന
ഹ്രുദയമെന്ന അവയവം
അതില്‍ ഐസിട്ട് വെച്ചിരിക്കുന്നു

അവന്‍ എന്റെ വീട്ടിലെത്തിയ
അവസാനത്തെ വിരുന്നുകാരനായിരുന്നു
അയാള്‍ക്ക് ഒരു കൈയില്ലായിരുന്നുവെന്ന്
ഐ.സി.യു.വില്‍ വെച്ച്
മകളാണ് മൊഴി നല്‍കിയത്.

അവളുടെ കുഴിമാടത്തിലേക്ക്
ആരും എത്തിനോക്കണ്ട;
ആരും കരയേണ്ട
അവള്‍ പുഴുക്കളെ പ്രണയിക്കട്ടെ
ചിതലുകള്‍ അവളെ ചുംബിക്കട്ടെ

ക്ഷമിക്കണം,
വിഷം തളിക്കപ്പെട്ട ജീവിതമാണെന്റേത്;
അതുകൊണ്ട് എന്റെ കവിത
മുടന്തിപ്പോകുന്നു
കയ്പ്പുള്ള വായുവാണ് ഞാന്‍ ശ്വസിക്കുന്നത്;
അതുകൊണ്ട് എന്റെ വാക്കുകള്‍
കറുത്തുപോകുന്നു

എന്റെ കവിതയ്ക്ക്
വിലാപഗീതത്തിന്റെ വില തന്നാല്‍ മതി
ഇനിയത് ജീവിതത്തെക്കുറിച്ച് പാടുകയില്ല.