Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

23 June 2026

വ്യുല്‍ക്രമം


രതി മറിച്ചിട്ടാല്‍ തിര

തിര മറിച്ചിട്ടാല്‍ രതി

മനുഷ്യനെ മറിച്ചിടാന്‍

ഇതു രണ്ടും മതി

തണല്‍മരം


ആ മരമായ മരമെല്ലാം കൊണ്ട

വെയിലാണ് ഈ തണല്‍

ഇന്‍ലന്‍ഡ്


മേല്‍വിലാസമില്ലാത്തവന്‍ എന്തിനാണു

മറുപടിയും കാത്തിരിക്കുന്നത്?

കീര്‍ത്തി


കടലോളം താഴണം

മഴയാകുവാ‍ന്‍

മഴയോളം ഉയരണം

കടലാകുവാന്‍

എയിഡ്സ്


വെളുപ്പുണ്ടെന്നറിഞ്ഞ

സന്തോഷത്തില്‍

വിശുദ്ധിയെക്കുറിച്ച് ചോദിക്കാന്‍

മറന്നുപോയി...!

ഗലിലിയൊ


എന്നോട് പൊറുക്കണം;

തണലെകുമെന്ന് പറഞ്ഞു

ഞാൻ നട്ടതെല്ലാം

ഇലയുണ്ടാകാത്ത

മരങളായിരുന്നു..!

ശംഖ്


എന്റെ വാക്കുകള്‍

നിന്റ്റെ മൌനത്തെ പൊള്ളിച്ചുവോ?

സാരമില്ല;

വാക്കുകള്‍ വേദനയാകുമ്പൊഴാണു

സ്നേഹത്തിനു ഭാഷയുണ്ടാകുന്നത്...!

അമ്മ


പെങ്ങളെക്കുറിച്ചെഴുതാൻ
പൊട്ടിപ്പോയ സ്ലേറ്റു കഷണം മതി

പ്രണയിനിയെക്കുറിച്ചെഴുതാൻ
പാതി പൊള്ളിയ ജീവിതം മതി

ഭാര്യയെക്കുറിച്ചെഴുതാൻ
ഒരു സിസേറിയൻ നിലവിളി മതി

അമ്മയെക്കുറിച്ചെഴുതാൻ
എനിക്കൊരു കവിതയായാൽ മതി
എങ്ങനെ വായിച്ചാലും അർഥമിരട്ടിക്കുമല്ലോ...

നിഴലുകള്‍


രാവിലെ ഒൻപത് മുപ്പത്:


എനിക്കും നിനക്കുമിടയിൽ

ഒരേ നിറമുള്ള നിഴൽ

ആരും വെളുത്തിട്ടല്ല;

ആരും കറുത്തിട്ടുമല്ല.


വൈകിട്ട് മൂന്നു മുപ്പത്:


എനിക്കും നിനക്കുമിടയിൽ

ഒരേ നീളമുള്ള നിഴൽ

ആരും വലുതായിട്ടില്ല;

ആരും ചെറുതായിട്ടുമില്ല.


ഉച്ചയ്ക്കു ഒന്ന് മുപ്പത്:


എനിക്കും നിനക്കുമിടയിൽ

നിഴലുകളുടെ അസ്തമയം

ഇനി നാം രണ്ടല്ല്ല്ല്ല;

നിഴലുകളിൽ പോലും...

താരാട്ട്



ഉറങുന്നവനെ ഉണർത്തരുത്


ഒരുപക്ഷെ,


അവന്റെ സ്വപ്നങൾ നഷ്ടപ്പെട്ടേക്കാം

പ്രണയം


മിന്നൽ മുൻപിൽ

ഇടി നടുവിൽ

മഴ ഒടുവിൽ

കാലവർഷം പോലെ തന്നെ....

പിന്നെയും ബുദ്ധന്‍ ചിരിക്കുന്നു


എങോട്ടിറങിയാലും കൂടെയുണ്ടാവണം
താക്കോലല്ല,കൈഫോണല്ല
പണസഞ്ചിയുമല്ല.
ഒരാംബുലാസ്
ഒരു കുപ്പി ഗ്ലൂക്കോസ്
പിന്നെയൊരു ഓക്സിജൻ സിലിണ്ടറും...


വഴിയാത്രയിലൊന്നിലും
ഒരു വാക്കുപോലും ഉരിയാടിക്കൂടാ.
നെഞ്ചു പിളർന്ന്
തൊണ്ട തുരന്ന്
പുറത്തുചാടാൻ
വെടിയുണ്ടയിപ്പോഴും
ക്യൂവിൽ തിരക്കുകൂട്ടുന്നു
നിലനിൽ‌പ്പിന്റെ നിലവിളികൾക്കും
നിർവചനപരിധിക്കുമപ്പുറം
മരണം ഇന്നും വ്യാഖ്യാനിക്കപ്പെടുന്നു


മരണം
ഒരു മഴ പോലെ പെയ്തിരമ്പിയൊഴുകുമ്പോൾ
തലയ്ക്ക് മുകളിൽ
നിവർത്തിപ്പിടിക്കാൻ
നമുക്കുള്ളത്
ചോര ചോർന്നൊലിക്കുന്ന
ജീവിതം മാത്രം!

വ്യഭിചാരത്തിനുശേഷം
വഴിയിലുപേക്ഷിക്കപ്പെട്ടവളുടെ കണ്ണുകള്‍
ഉപ്പുലായനിയില്‍ മുങ്ങിക്കിടക്കുന്നു

കനമുള്ള ചവിട്ടേറ്റ്
അമ്മയുടെ നാഭിയില്‍ നിന്നും
പുറത്തേക്ക് തെറിക്കുന്നു,
ഗര്‍ഭപാത്രത്തിന്റെ ഒരു കഷണം.

പണിതുവെക്കുന്ന ഓരോ ശവപ്പെട്ടിയും
ടിപ്പറിടിച്ചു മരിച്ച കുഞ്ഞുങ്ങള്‍ക്കുവേണ്ടി
വില്‍ക്കപ്പെടുന്നു.

നിലവിളികളുടെ നാലാം യാമത്തില്‍
എന്റെ ശുക്ലം പോലും
രക്തഭരിതമാകുന്നു.

റോഡപകടത്തില്‍പ്പെട്ടവരെ
സീബ്രാലൈനില്‍
പൊതുദര്‍ശനത്തിനു വെക്കണം

ഓരോ തീവണ്ടിയിലും
മരിച്ചവര്‍ക്കുവേണ്ടി
ഒരു ബോഗി കൂടി പണിയണം.
അവരെ,പാളത്തില്‍നിന്നും
പെറുക്കിയെടുത്ത് കിടത്തണം.

വിമാനത്താവളത്തിലും
വീഗാലാന്റിലും
അവനവന്റെ വിധിയറിയാനുള്ള
കൌണ്ടര്‍ തുറക്കണം.


ഒടുവില്‍,
ആരോടും,
ഒന്നിനോടും
തീർച്ച പറയാതെ
തിരക്കിട്ടു നടക്കണം.

എല്ലാ നിലവിളികളും
ഒടുങ്ങുന്നിടത്ത് നങ്കൂരമിടണം.





സ്ത്രീ


ഒരേയൊരു

കടൽ മതി;

മുത്ത് നേടാനും

മുങിച്ചാവാനും...

അപായം


പനിച്ചപ്പോൾ അറിഞ്ഞു

നൂറ് ഡിഗ്രി സെത്ഷ്യസാണെന്ന്


പ്രണയിച്ചപ്പോൾ അറിഞ്ഞു

നൂറ്റിപ്പത്ത് കെ.വി. ട്രാൻസ്ഫോർമറാണെന്ന്


(എല്ലാ സ്ട്രീറ്റ് ലൈറ്റിനു ചുവട്ടിലും

ഒരു കവിത

ഷോക്കടിച്ച് കിടപ്പുണ്ടാകും)

ജന്മദിനം



ഗർഭപാത്രത്തിന്റെ

ഒരു വശത്ത് കുറിച്ചിട്ടിട്ടുണ്ട്;

ഞാനെന്റെ അമ്മയുടെ ജന്മദിനം.

അമ്മയകലും വരെ

ഞാനറിഞ്ഞിരുന്നില്ല

പിറന്നാൾപ്പായസത്തിന്റെ

മധുരം


അടുപ്പണയും വരെ

അച്ഛനുമറിയില്ലായിരുന്നു

അരിക്കലത്തിലെ

തിളനില


അതുകൊണ്ടായിരിക്കാമിപ്പോഴും

ആരൊക്കെ വിളമ്പിയിട്ടും

എത്രയൊക്കെ കഴിച്ചിട്ടും

എന്റെ വിശപ്പ് തീരാത്തത്!

നാരിവന്ദനം

ഗദ്യത്തിലുമെഴുതാം
പദ്യത്തിലുമെഴുതാം
നുണ കൊണ്ടുമെഴുതാം
നേരു കൊണ്ടുമെഴുതാം


ചിരി കൊണ്ടുമെഴുതാം
രുചി കൊണ്ടുമെഴുതാം

മുഖം കണ്ടുമെഴുതാം
മനം കണ്ടുമെഴുതാം
പുറത്തുമെഴുതാം
മറുപുറത്തുമെഴുതാം
എത്രയേറെയെഴുതിയാലും
അത്രയേറെയെളുപ്പത്തില്‍
വായിക്കുവാനാവാത്ത
ഭാഷയുടെ പേരാണ്
പെണ്ണ്.

കവിതയുടെ വിഷപ്പാത്രം


പറയുന്ന വാക്കുകള്‍
നേരിലെത്താതെ ദ്രവിക്കുവാന്‍ മാത്രം
അതില്‍ പ്രണയത്തിന്റെ

ചിതല്‍പ്പുറ്റ്.

പണിതുവെക്കുന്ന ഓരോ മാളികയും
ഒറ്റമിന്നലില്‍ തകരുവാന്‍ മാത്രം
അതിന്റെ പേര്
വീട്.

പുറപ്പെടാനിരിക്കുന്ന വണ്ടി
കൊക്കയിലേക്കായാലും
ശുഭയാത്ര ആശംസിക്കുവാന്‍ മാത്രം
അവന്റെ പേര്
മനുഷ്യന്‍.

ആസക്തികളുടെ സമുദ്രത്തില്‍നിന്നും
കരയിലേക്കു പിടിച്ചിട്ട്
പ്രാണവേദന കൊള്ളാന്‍ മാത്രം
ജീവിതം-എന്ന് മുന്നറിയിപ്പ്.

എഴുതുന്ന ഓരോ വാക്കും
മുടന്തിപ്പോകുവാന്‍ മാത്രം
അതില്‍ കവിതയുടെ വിഷദ്രാവകം.

പ്രണയത്തിനും സൌഹൃദത്തിനും ഇടയില്‍...


ഒത്തിരി നേരം കൂടെയിരിക്കരുത്
ഉറക്കെ ചിരിച്ച് ആളെകൂട്ടരുത്
കൈ പിടിച്ച് കറങ്ങിനടക്കരുത്
പൂന്തോട്ടത്തിലേക്കു ഇറങ്ങിപ്പോകരുത്
മരത്തണലിലേക്ക് ഓടിക്കയറരുത്

വേണമെങ്കില്‍,
ഒരേ മേശക്കു ചുറ്റും
രണ്ടപരിചിതരെപ്പോലെ
ചായ കുടിക്കാനിരിക്കാം
വളരെ ആകസ്മികമായി
ലൈബ്രറിയില്‍ വെച്ച് കണ്ടുമുട്ടാം
വരില്ല എന്നുറപ്പുള്ളപ്പോള്‍
പരസ്പരം കാത്തിരിക്കാം
ആരും കാണില്ലെന്നുണ്ടെങ്കില്‍
കുറച്ചുകൂടി ചേര്‍ന്നിരിക്കാം
എളുപ്പത്തില്‍ അഴിഞ്ഞുപോകുംവിധം
വിരലുകള്‍ കൂട്ടിപ്പിടിക്കാം

ഇതിനിടയില്‍,
എനിക്കു നിന്നോട് പ്രണയം തോന്നുന്നുവെന്നോ
ഈ ഉടുപ്പ് നിനക്ക് നന്നായി ഇണങ്ങുന്നുവെന്നോ
നിയോണ്‍ വെളിച്ചത്തില്‍
നിന്റെ നിറം ഇരട്ടിക്കുന്നുവെന്നോ
മിണ്ടിപ്പോകരുത്.

ഇടിവെട്ടിപ്പെയ്താലും
ഒരു കുടക്കീഴില്‍ ഒന്നിച്ചുപോകണമെന്ന് ആഗ്രഹിക്കുകയോ
നമുക്ക് ഒരു വീടും
ഒരു കുഞ്ഞും മതിയാകുമോ എന്ന്
അഭിപ്രായം ചോദിക്കുകയോ
അരുത്.
ഇരുട്ട് വന്ന് മൂടിയാലും
ഒരു ചുംബനം പോലും ചോദിക്കാതെ
വെറുതെ വിട്ടേക്കണം

പൂത്തും പഴുത്തും
ചിരിച്ചും ചലിച്ചും
എപ്പോഴും കൂടെ നിന്നേക്കണം
ഉറവകളൊന്നൊന്നായി
വറ്റിത്തീരുമ്പോഴും
“സുഹ്രുത്താണ്,അതെ;
സുഹ്രുത്ത് മാത്രമാണ് “ എന്ന്
ഏത്തമിടുകയും വേണം.

16 March 2011

മരണപര്‍വ്വം


ഈ കലണ്ടറിലെ
ഏതോ ഒരു കള്ളി
എന്റെ ശവപ്പെട്ടിയാണ്
തുറന്നുകാണിക്കുമ്പോള്‍ അശ്ലീലമായിപ്പോകുന്ന
ഹ്രുദയമെന്ന അവയവം
അതില്‍ ഐസിട്ട് വെച്ചിരിക്കുന്നു

അവന്‍ എന്റെ വീട്ടിലെത്തിയ
അവസാനത്തെ വിരുന്നുകാരനായിരുന്നു
അയാള്‍ക്ക് ഒരു കൈയില്ലായിരുന്നുവെന്ന്
ഐ.സി.യു.വില്‍ വെച്ച്
മകളാണ് മൊഴി നല്‍കിയത്.

അവളുടെ കുഴിമാടത്തിലേക്ക്
ആരും എത്തിനോക്കണ്ട;
ആരും കരയേണ്ട
അവള്‍ പുഴുക്കളെ പ്രണയിക്കട്ടെ
ചിതലുകള്‍ അവളെ ചുംബിക്കട്ടെ

ക്ഷമിക്കണം,
വിഷം തളിക്കപ്പെട്ട ജീവിതമാണെന്റേത്;
അതുകൊണ്ട് എന്റെ കവിത
മുടന്തിപ്പോകുന്നു
കയ്പ്പുള്ള വായുവാണ് ഞാന്‍ ശ്വസിക്കുന്നത്;
അതുകൊണ്ട് എന്റെ വാക്കുകള്‍
കറുത്തുപോകുന്നു

എന്റെ കവിതയ്ക്ക്
വിലാപഗീതത്തിന്റെ വില തന്നാല്‍ മതി
ഇനിയത് ജീവിതത്തെക്കുറിച്ച് പാടുകയില്ല.